സ്ത്രീകൾക്ക് നേരെയുള്ള വിവേചനങ്ങളും അതുമായി ബന്ധപ്പെട്ട പ്രത്യേകശീലങ്ങളുമൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിവിധ ചടങ്ങുകളുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള രീതികളും ശീലങ്ങളും കാണാറുണ്ട്. എന്തായാലും, അതുപോലെ ഒരു നവവധുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരാൻ കാരണമായി തീർന്നിരിക്കുന്നത്. ഒരു വധു സ്ത്രീകൾ കൂടിയിരിക്കുന്ന ഒരിടത്ത് വച്ച് ഗിത്താർ വായിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അവളുടെ ചുറ്റുമായി നിരവധി സ്ത്രീകൾ ഇരിക്കുന്നുണ്ട്. എന്നാൽ, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അവളുടെ മുഖം മറച്ചുകൊണ്ട് സാരിത്തുമ്പ് (ghoonghat/ veil) ഇട്ടിരിക്കുന്നതാണ്. (Guitar)
വീഡിയോയിൽ, യുവതി 1997 -ൽ പുറത്തിറങ്ങിയ 'യെസ് ബോസ്' എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ ക്ലാസിക് ഗാനമായ 'ഏക് ദിൻ ആപ്' പാടുന്നതായിട്ടാണ് കാണുന്നത്. അതിന് മുമ്പായി തന്റെ ഗിറ്റാറും മുഖത്തിട്ടിരിക്കുന്ന സാരിയും ശരിയാക്കുന്നത് കാണാം. അവൾ ഗിത്താർ വായിച്ച് തുടങ്ങുന്നതിനു മുമ്പ്, അവളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ അവളുടെ മുഖം കാണാതിരിക്കാൻ വേണ്ടി അവളുടെ മൂടുപടം പലതവണ വലിച്ച് ശരിയാക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ വധു ഗിത്താർ വായിക്കുന്നതും എല്ലാവരും ആസ്വദിക്കുന്നതുമാണ് കാണുന്നത്. എന്നാൽ, അപ്പോഴെല്ലാം വധുവും ചുറ്റും ഇരിക്കുന്നവരും അവളുടെ മുഖം മറഞ്ഞ് തന്നെയല്ലേ ഇരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നുണ്ട്.
13.5 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നൂറുകണക്കിനാളുകൾ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. സംഗീതത്തിൽ യുവതിക്ക് നല്ല കഴിവുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം, മുഖം മറച്ചുകൊണ്ടുള്ള ഈ പരമ്പരാഗതരീതിയെയാണ് മറ്റ് പലരും വിമർശിച്ചത്. ഇത്രയും കഴിവുള്ള ഒരാളുടെ മുഖം ലോകത്തിന് മുമ്പിൽ മറച്ചു വയ്ക്കേണ്ടി വരുന്നത് കഷ്ടം തന്നെ എന്നാണ് ചിലർ കമന്റ് നൽകിയത്. ഇത്തരം രീതികൾ മാറേണ്ടുന്ന സമയം കഴിഞ്ഞുവെന്നും പലരും അഭിപ്രായപ്പെട്ടു.