

ബെംഗളൂരു: സിലിക്കൺ സിറ്റിയെ നടുക്കി വീണ്ടുമൊരു ക്രൂരമായ കൊലപാതകം. ബെംഗളൂരുവിന് വടക്കുള്ള കുദ്രെഗെരെ ഗ്രാമത്തിൽ 55 വയസ്സുള്ള ദ്രാക്ഷൈണി എന്ന സ്ത്രീയെയാണ് തിരക്കേറിയ റോഡിൽ വെച്ച് അക്രമി വടിവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
കൊച്ചുമകന്റെ സ്കൂളിൽ ഉച്ചഭക്ഷണം നൽകി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദ്രാക്ഷൈണി. ഇതിനിടെ ബൈക്കിലെത്തിയ അക്രമി ഇവരെ തടഞ്ഞുനിർത്തുകയും കൈവശമുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയുമായിരുന്നു. റോഡിൽ രക്തം വാർന്നു കിടന്ന ദ്രാക്ഷൈണി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വെട്ടുകത്തി മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.
കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം. ദ്രാക്ഷൈണിയുടെ ചില ബന്ധുക്കൾ തന്നെയാണ് ഇതിന് പിന്നിലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.