
ലക്നൗ : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മൂന്ന് കുട്ടികളുടെ അമ്മയായ യുവതി കൊലപ്പെടുത്തി. അതേസമയം, ബീഹാറിലെ ഭോജ്പൂർ ജില്ലയിൽ നിന്നും 30,000 രൂപയ്ക്ക് കാമുകൻ വാങ്ങി നൽകിയ പിസ്റ്റൾ ഉപയോഗിച്ചാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. റായ്ബറേലിയിലെ മഹാരാജ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗരീബ് കാ പൂർവ മജ്ര അത്രേഹ്ത ഗ്രാമത്തിലെ താമസക്കാരനായ 35 വയസ്സുള്ള മനീഷ് സൈനിയാണ് കൊല്ലപ്പെട്ടത്. ശിവ്ഗഡ് പോലീസ് സ്റ്റേഷനിലെ മാലിൻ കാ പൂർവ സ്വദേശിയായ ഭാര്യ, റൂബിയാണ് മനീഷിനെ കൊലപ്പെടുത്തിയത്.
ഭർത്താവിനെ അമ്പലത്തിലെ സമൂഹ സദ്യയിൽ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ച് വരുത്തിയ ശേഷമാണ് യുവതിയും കാമുകനും ചേർന്ന് മനീഷിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മനീഷാണെന്നു തിരിച്ചറിഞ്ഞത്.
അതേസമയം , ഭാര്യയും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിഞ്ഞതായി മരിച്ചയാളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഫോൺ കോൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് കേസ് തെളിയിക്കുകയും പ്രതിയായ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, കഴിഞ്ഞ കുറേ മാസങ്ങളായി ഭാര്യയും കാമുകനും മനീഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെട്ടു. സംഭവത്തിൽ റൂബിയുടെ കാമുകൻ സുനിലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.