
ബംഗളൂരു: കർണാടക ആർ.ടി.സി ബസിൽ യുവതിക്ക് സുഖപ്രസവത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. ഏഴുമാസം ഗർഭിണിയായിരുന്ന ഹുനസനഹള്ളി സ്വദേശി റസിയ ബാനുവാണ് ബസിൽ പ്രസവിച്ചത്. കൂടുതൽ പരിചരണം ലഭിക്കുന്നതിനായി മാതാവിനെയും കുഞ്ഞുങ്ങളെയും ബംഗളൂരുവിലെ മാതൃ-ശിശു ആശുപത്രിയായ വാണി വിലാസ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് കനകപുരയിൽനിന്ന് ഹുനസനഹള്ളിയിലേക്ക് യാത്രചെയ്യവെയാണ് സംഭവം നടന്നത്.
ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. യാത്രക്കാർ യുവതിക്ക് വേണ്ട സൗകര്യങ്ങളൊരുക്കി. ബസ് ജീവനക്കാർ നേരെ ജില്ല ആശുപത്രിയിലേക്ക് ബസ് എത്തിച്ചു. നഴ്സുമാരെത്തി അമ്മയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി.