

ബെംഗളൂരു: കർണാടകയിൽ ഹാവേരി ജില്ലാ ആശുപത്രിയിലെ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷിൻ്റെ (30) പെൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഗുരുതര അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.(Woman gives birth in hospital corridor in Karnataka, baby dies after hitting head on floor)
പ്രസവവേദന കൂടിയതിനെ തുടർന്ന് രൂപയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കടുത്ത പ്രസവവേദനയിൽ രൂപ ശുചിമുറിയിലേക്ക് പോകാനായി ഇടനാഴിയിലൂടെ നടക്കുമ്പോഴാണ് പ്രസവം നടന്നത്.
പ്രസവസമയത്ത് കുട്ടിയുടെ തല തറയിലിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. കിടക്ക നൽകിയില്ലെന്ന് മാത്രമല്ല, കടുത്ത പ്രസവവേദനയിൽ എത്തിയ രൂപയെ നിലത്ത് ഇരിക്കാൻ നിർബന്ധിച്ചതായും കുടുംബം ആരോപിച്ചു.
‘‘രൂപയ്ക്ക് വളരെയധികം വേദനയുണ്ടായിരുന്നു. ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു അവർ. എന്നാൽ ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും അവളെ നോക്കിയില്ല. ഞങ്ങൾ അവരോട് യാചിച്ചുപറഞ്ഞതാണ്. പക്ഷേ, മൊബൈലിൽ നോക്കിയിരുന്നതല്ലാതെ അവർ യാതൊന്നും ചെയ്തില്ല’’ – കുടുംബാഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, അവഗണന ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ ആശുപത്രി സർജൻ ഡോ. പി.ആർ. ഹവാനുർ പറഞ്ഞു.
"രാവിലെ 10.27നാണ് യുവതിയെത്തിയത്. അപ്പോൾ മൂന്ന് യുവതികൾ ലേബർ വാർഡിൽ ഉണ്ടായിരുന്നു. കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേദനകൂടി അവർ ശുചിമുറിയിലേക്കു പോയി. 10.36ന് വാർഡിലേക്കു കയറ്റി." തിങ്കളാഴ്ച മുതൽ കുഞ്ഞിന് അനക്കമില്ലെന്നായിരുന്നു യുവതിയുടെ പരാതി. പ്രസവത്തിനുമുൻപുതന്നെ കുട്ടി മരിച്ചിരുന്നോയെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും, 11.07നാണ് യുവതി വാർഡിനു പുറത്തേക്കു വന്നതെന്നും ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.