ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി പാർലർ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശിയെ ബലാത്സംഗം ചെയ്തത്. സംഘത്തിലെ രണ്ടു പേർ അറസ്റ്റിലായി.
ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് ഇന്നലെ രാത്രി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
യുവതി എതിർത്തതോടെ മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ മറ്റ് രണ്ടുപേർ ആരും വരാതെ നോക്കി കാവൽ നിന്നു. പ്രതികൾ പോയതിന് പിന്നാലെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അതിക്രമത്തിന് കാവൽ നിന്ന രണ്ടുപേരെയും പിടികൂടി.
യുവതിയെ ആക്രമിച്ച മൂന്നുപേരും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയൽവാസിയായ ടീച്ചർ ഫ്ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.