ബെംഗളൂരു : വനിതാ ഡോക്ടറുടെ മരണത്തില്‍ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍. ഡോ. കൃതിക റെഡ്ഡി ആണ് മരിച്ചത്.സംഭവം നടന്ന് ആറു മാസത്തിന് ശേഷമാണ് ഭർത്താവ് അറസ്റ്റിലായത്.
ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണത്തിലാണ് ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് പിടികൂടിയത്. അമിതമായ അളവില്‍ അനസ്തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവെച്ചാണ് ഭര്‍ത്താവ് കൃതികയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ബോധരഹിതയായ കൃതികയെ ഭർത്താവ് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും കൃതിക മരിച്ചു. സംഭവത്തിൽ മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ കാന്യുല സെറ്റും ഇന്ജക്ഷന് സെറ്റും മറ്റുചില മെഡിക്കല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഇതിനിടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃതികയുടെ അവയവങ്ങളിൽ നിന്നും ഉയർന്ന അളവിൽ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നത്.
ഇതിനിടെ തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മാറത്തഹള്ളി പോലീസ് മണിപ്പാലിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറായ പ്രതി, സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.കഴിഞ്ഞ വർഷം മേയ് 26 നാണ് ഇരുവരും വിവാഹിതരായത്. വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു ഇവർ.