
ഗുരുഗ്രാം : കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു. ഗുരുഗ്രാമില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിനി പാര്‍വതി(22)യാണ് മരണപ്പെട്ടത്.ഭര്‍ത്താവ് ദുര്യോധനൊപ്പം(28) രണ്ടുവര്‍ഷം മുന്‍പാണ് പാര്‍വതി ഗുരുഗ്രാമില്‍ താമസം ആരംഭിച്ചത്.
ജൂലായ് 15-ന് രാത്രി കടുത്തചൂട് കാരണമാണ് ദമ്പതിമാര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ നാലാംനിലയിലെ ടെറസിലെത്തിയത്. ഇതിനിടെ, യുവതി ടെറസിലെ പാരപ്പെറ്റില്‍ കയറിനിന്നതിന് പിന്നാലെ 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ' എന്ന് ഭര്‍ത്താവിനോട് തമാശയായി ചോദിച്ചു. തുടര്‍ന്ന് പാരപ്പെറ്റില്‍ നിന്ന് താഴേക്കിറങ്ങുന്നതിനിടെയാണ് കാല്‍തെന്നി യുവതി വീണത്.
കാല്‍തെന്നി വീണതിന് പിന്നാലെ യുവതി അല്പനേരം പാരപ്പെറ്റില്‍ പിടിച്ചുനിന്നിരുന്നു. ഈസമയം ഭര്‍ത്താവ് ഓടിയെത്തി യുവതിയെ കൈപിടിച്ച് കയറ്റാന്‍ശ്രമിച്ചു. രക്ഷിക്കാനായി ബഹളംവെയ്ക്കുകയുംചെയ്തു. ഏകദേശം രണ്ടുമിനിറ്റോളം യുവാവിന് ഭാര്യയെ പിടിച്ചു നിര്‍ത്താനായെങ്കിലും പിന്നീട് പിടിവിട്ട് യുവതി താഴേക്ക് വീണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് തന്നെയാണ് പോലീസില്‍ വിളിച്ച് സഹായംതേടിയത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവതിയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവിന്റെ മൊഴി ശരിവെയ്ക്കുന്നതാണ് സാഹചര്യത്തെളിവുകളെന്നും ഇദ്ദേഹം ഭാര്യയെ രക്ഷിക്കാന്‍ശ്രമിക്കുന്നതിനിടെ പരിക്കേറ്റതിന്റെ പാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി.