

ഇന്ത്യൻ റെയിൽവേ ട്രെയിനിന്റെ എസി കോച്ചിനുള്ളിൽ മാഗി പാകം ചെയ്യുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ വൈറലായി മാറിയതിന് പിന്നാലെ മുന്നറിയിപ്പുമായി സെൻട്രൽ റെയിൽവേയും എത്തി. കോച്ചിന്റെ പവർ സോക്കറ്റിൽ ഇലക്ട്രിക് കെറ്റിൽ പ്ലഗ് ചെയ്താണ് സ്ത്രീ മാഗി തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ കാണാം. ഈ സോക്കറ്റുകൾ മൊബൈൽ ചാർജിംഗിനായി മാത്രമുള്ളതാണ്, എന്നിട്ടും പാകം ചെയ്യാനായി സ്ത്രീ ആ സോക്കറ്റുകൾ ഉപയോഗിക്കുകയും അങ്ങനെ മാഗിയുണ്ടാക്കുകയും ചെയ്യുന്നതാണ് കാണുന്നത്. വീഡിയോ എക്സിൽ (ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തതിന് തൊട്ടുപിന്നാലെ തന്നെ അത് സെൻട്രൽ റെയിൽവേയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. (Train)
സെൻട്രൽ റെയിൽവേയുടെ ഒഫീഷ്യൽ എക്‌സ് അക്കൗണ്ട് പിന്നാലെ തന്നെ കർശന മുന്നറിയിപ്പ് നൽകുകയും ഇത് ചെയ്തരവർക്കെതിരെ നടപടി ആരംഭിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. 'ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്. ട്രെയിനുകൾക്കുള്ളിൽ ഇലക്ട്രോണിക് കെറ്റിൽ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ഇത് സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാണ്. ഇത് തീപിടുത്തത്തിന് കാരണമാകുകയും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുകയും ചെയ്യും. വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകാനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോർട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം. അത്തരം അപകടകരമായ പെരുമാറ്റങ്ങളിൽ നിന്ന് യാത്രക്കാർ വിട്ടുനിൽക്കണം. അത്തരം എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ, സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു' എന്നാണ് റെയിൽവേ കുറിച്ചത്.
നിരവധിപ്പേരാണ് സ്ത്രീ ട്രെയിനിൽ മാഗിയുണ്ടാക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ അതിന് കമന്റുകളും നൽകിയിട്ടുണ്ട്. ഇത്രയും ബുദ്ധിയില്ലാത്ത പ്രവൃത്തി എങ്ങനെയാണ് ചെയ്യാൻ സാധിക്കുന്നത് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്.