കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ, തന്നെ ബലം പ്രയോഗിച്ച് ചുംബിക്കാനും പീഡിപ്പിക്കാനും ശ്രമിച്ച മുൻ കാമുകന്റെ നാക്ക് യുവതി കടിച്ച് മുറിച്ചു. 35-കാരനായ ചംപി എന്നയാളുടെ നാക്കാണ് മുൻകാമുകി കടിച്ച് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.(Woman bites and cuts off ex-boyfriend's tongue after trying to forcefully kiss and rape her)
വിവാഹിതനായ ചംപിയും യുവതിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ ഇവർ ചംപിയിൽ നിന്ന് അകന്നു. ഇത് ചംപിയെ കടുത്ത നിരാശനാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞതോടെ യുവതി ചംപിയെ ഫോൺ വിളിക്കാനോ കാണാനോ തയ്യാറായില്ല. എന്നാൽ, ചംപി യുവതിയെ നിരന്തരം ബന്ധപ്പെടാനും കാണാനും ശ്രമിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കളിമണ്ണ് ശേഖരിക്കാനായി കുളത്തിന് സമീപത്തേക്ക് പോവുകയായിരുന്നു യുവതി. ഇവർ ഒറ്റയ്ക്കായിരുന്നു. ഈ സമയം, പിന്തുടർന്നെത്തിയ ചംപി കുളത്തിന് അടുത്തുവെച്ച് യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ആദ്യം ഭയന്ന യുവതി ചംപിയെ തള്ളിമാറ്റാൻ ശ്രമിച്ചു. എന്നാൽ യുവാവ് ഇവരെ ബലമായി പിടിച്ച് ചുംബിച്ചു. ഇതിൽ രോഷാകുലയായ യുവതി മുൻ കാമുകന്റെ നാക്ക് കടിച്ച് മുറിക്കുകയായിരുന്നു.
നാക്ക് മുറിഞ്ഞ് വേദനകൊണ്ട് പുളഞ്ഞ ചംപി ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനശ്രമത്തിന് ചംപിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.