പട്‌ന: ബിഹാറിലെ നവാഡ ജില്ലയിൽ അന്ധവിശ്വാസം ഒരാളുടെ കൂടി ജീവനെടുത്തു. മന്ത്രവാദം ചെയ്യുന്നുവെന്നാരോപിച്ച് അയൽവാസികൾ നടത്തിയ ആക്രമണത്തിൽ കിരൺ ദേവി (35) എന്ന സ്ത്രീ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ കിരൺ ദേവിയുടെ രണ്ട് സഹോദരഭാര്യമാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.(Woman beaten to death in Bihar on suspicion of witchcraft)
അയൽവാസിയായ മുകേഷ് ചൗധരിയുടെ കുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖം ബാധിച്ചിരുന്നു. ഇത് കിരൺ ദേവിയുടെ മന്ത്രവാദം മൂലമാണെന്ന് അയൽവാസികൾ വിശ്വസിച്ചു. മുകേഷ് ചൗധരിയും കുടുംബാംഗങ്ങളും ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ച് കിരൺ ദേവിയെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അമിതമായ രക്തസ്രാവം മൂലം കിരൺ ദേവി മരിച്ചത്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട അക്രമങ്ങൾ നവാഡ ജില്ലയിൽ പതിവാകുകയാണ്.