
കെഎഫ്‌സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു ഉപഭോക്താവ് പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. കെഎഫ്‌സി ബെംഗളൂരു ഔട്ടലെറ്റില്‍ നിന്നുണ്ടായ മോശം അനുഭവത്തെ പറ്റിയാണ് ഉപഭോക്താവ് പോസ്റ്റിൽ വ്യക്തമാക്കുന്നത്. രണ്ട് തവണ ബെംഗളൂരു കെഎഫ്‌സിയില്‍ നിന്ന് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്‌തെന്നും എന്നാല്‍ രണ്ട് തവണയും മോശം അനുഭവമാണ് ഉണ്ടായതെന്നും ഒരു യുവതി പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
ബെംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ ബര്‍ഗറില്‍ നിന്നുണ്ടായ ദുര്‍ഗന്ധമാണ് ആദ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് പോസ്റ്റില്‍ പറയുന്നു. സംശയം തോന്നി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പഴകിയ മാംസമാണെന്നും യുവതി പറയുന്നു. പിന്നാലെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ എന്നറിയാന്‍ രണ്ടാമതും അതേ ഔട്ട്‌ലെറ്റില്‍ നിന്ന് അതേ ബര്‍ഗര്‍ തന്നെ വാങ്ങി. എന്നാല്‍ രണ്ടാം വട്ടവും സമാനമായ സാഹചര്യമാണ് നേരിടേണ്ടി വന്നതെന്നും യുവതി പറയുന്നു. പിന്നാലെ വിഷയം ജീവനക്കാരെ അറിയിച്ചെങ്കിലും അത് സോസിന്റെ മണം മാത്രമാണെന്ന് പറഞ്ഞ് അവര്‍ വിഷയം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വെജിറ്റേറിയന്‍ ബര്‍ഗര്‍ നല്‍കി പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതി തന്റെ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.
അതേസമയം ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ മറ്റ് ഉപഭക്താക്കള്‍ക്കും സമാനമായ രീതിയില്‍ അനുഭമുണ്ടായതായി പോസ്റ്റില്‍ പറയുന്നു. 'ഔട്ട്‌ലെറ്റിന്റെ അടുക്കള കാണാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, രാത്രി 10 മണിക്ക് ശേഷം പ്രവേശനം അനുവദനീയമല്ലെന്നും മാനേജര്‍ സ്ഥലത്തില്ലെന്നും ജീവനക്കാര്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, നിര്‍ബന്ധിച്ച് അകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ചകൾ ഭയാനകമായിരുന്നു എന്നും അവർ വ്യക്തമാക്കുന്നു. കോള്‍ഡ് സ്‌റ്റോറേജില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസം, പൂപ്പല്‍ പിടിച്ച ഷീറ്റുകള്‍, തുരുമ്പ്, മാലിന്യം എന്നിവ അടുക്കി വെച്ചിരുന്നു. തറ കറകളും തുപ്പല്‍ പാടുകളും കൊണ്ട് വൃത്തിഹീനമായിരുന്നു, പൊലീസ് എത്തിയപ്പോഴും, ജീവനക്കാര്‍ അരമണിക്കൂറോളം അടുക്കള പൂട്ടിയിട്ടു. പക്ഷേ ആ സമയത്ത്, ഔട്ട്‌ലെറ്റില്‍ നിന്ന് സ്വിഗ്ഗിയും സൊമാറ്റോയും വഴി ഓര്‍ഡര്‍ ചെയ്ത ഏകദേശം 30 മുതല്‍ 40 ഡെലിവറികള്‍ അവര്‍ നല്‍കി കൊണ്ടേയിരുന്നുവെന്നും കര്‍ണാടക പോര്‍ട്ട്‌ഫോളിയോയുടെ എക്‌സ് പേജില്‍ കുറിച്ചിരിക്കുന്നു.
അതേസമയം , കെഎഫ്‌സി സംഭവത്തെ പൂര്‍ണമായി നിരാകരിച്ചു. ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷ്യ സുരക്ഷ നല്‍കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെഎഫ്‌സി അറിയിച്ചു.