ന്യൂഡൽഹി: ഇറാനുമായി വാണിജ്യ ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ നിലവിൽ ഇന്ത്യക്ക് മേൽ ചുമത്തിയിട്ടുള്ള 50 ശതമാനം തീരുവയ്ക്ക് പുറമെയാണിത്. ട്രംപിന്റെ പുതിയ പ്രഖ്യാപനം കൂടി നടപ്പിലായാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ 75 ശതമാനം വരെ തീരുവ നൽകേണ്ടി വരും.(Will Trump's 'tariff bomb' related to Iran be a headache for India?)
ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ഏകദേശം 1.68 ബില്യൺ ഡോളർ (ഏകദേശം 14,000 - 15,000 കോടി രൂപ) വരും. കയറ്റുമതി: 1.24 ബില്യൺ ഡോളർ, ഇറക്കുമതി: 0.44 ബില്യൺ ഡോളർ എന്നിങ്ങനെയാണിത്. ജൈവ രാസവസ്തുക്കൾ (512.92 മില്യൺ ഡോളർ), പഴങ്ങൾ, പരിപ്പ്, ധാതു ഇന്ധനങ്ങൾ, എണ്ണകൾ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ.
റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ ഇറാൻ കൂടി വിഷയമാവുന്നത് ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തെ സങ്കീർണ്ണമാക്കിയേക്കാം. എന്നാൽ, ഇരുരാജ്യങ്ങളും താരിഫ് ഇളവുകൾക്കായി ഒരു കരാറിന് അന്തിമരൂപം നൽകാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയത്. ഇറാനിൽ സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന ഭീഷണിക്ക് പിന്നാലെയാണ് തീരുവ പ്രഖ്യാപനം വന്നത്. അമേരിക്കയുമായി യുദ്ധത്തിന് തയ്യാറാണെങ്കിലും ചർച്ചകൾക്കും വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ പരസ്പര ബഹുമാനത്തോടെയുള്ളതാകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.