ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേടുകൾ സംബന്ധിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'വോട്ട് കൊള്ള' ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകിയേക്കും. ഹരിയാണയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെ അറിയിച്ചിട്ടുണ്ട്.(Will the Election Commission reply to Rahul Gandhi today?)
വിവാദപരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. വോട്ടിംഗ് ക്രമക്കേട് ആരോപിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. വ്യാജ വോട്ടർമാരുണ്ടെങ്കിൽ അതിന്റെ ഗുണം ഒരു പ്രത്യേക പാർട്ടിക്കുമാത്രമായി ലഭിക്കില്ല എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഹരിയാണയിൽ ഇന്ന് പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഹരിയാണയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണ് താൻ പറയുന്നതെന്നും, ഇവിടെ പറയുന്നത് 100% സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ എക്‌സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ, ഇതിനെ ഞെട്ടിച്ചുകൊണ്ട് വൻ തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ നിലയിലായിരുന്നില്ല ഹരിയാനയിൽ നടന്നത്. ഫലം പല തവണ പരിശോധിച്ച ശേഷമാണ് വിവരങ്ങൾ വെളിപ്പെടുത്തുന്നതെന്നും രാഹുൽ പറഞ്ഞു.
യുവജനങ്ങളുടെ ഭാവി കവരുന്നതാണ് ഈ തട്ടിപ്പ്. രാജ്യത്തെ 'ജെൻ സി' ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ നടന്നത് കേന്ദ്രീകൃതമായ ഓപ്പറേഷനാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രേഖകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കണക്കുകൾ അവതരിപ്പിച്ചത്:
25 ലക്ഷം കള്ളവോട്ടുകൾ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93,174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകളുമുണ്ടായിരുന്നു. ഒരു യുവതി 'സീമ', 'സ്വീറ്റി', 'സരസ്വതി' എന്നീ പേരുകളിലായി 10 ബൂത്തുകളിൽ 22 തവണ വോട്ട് ചെയ്തുവെന്നും രാഹുൽ ആരോപിച്ചു.
ഹരിയാണയിൽ എട്ടിൽ ഒരു വോട്ട് വ്യാജമാണ്. ഇത് കാരണം 22,000 വോട്ടിനാണ് കോൺഗ്രസ് തോറ്റതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എട്ട് സീറ്റുകളിൽ 22 മുതൽ 4,000 വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഫലം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.