ന്യൂഡൽഹി: സർക്കാർ കരാറുകളിൽ പങ്കെടുക്കുന്നതിന് ചൈനീസ് കമ്പനികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ ധനമന്ത്രാലയം ആലോചിക്കുന്നു. നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ പല വൻകിട പദ്ധതികളും വൈകുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.(Will the Center lift the ban on Chinese companies?)
ചൈനീസ് യന്ത്രസാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും അഭാവം ഊർജ്ജ, റെയിൽവേ മേഖലകളിലെ പദ്ധതികളെ ബാധിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ താപവൈദ്യുതി ഉത്പാദനം 307 ജിഗാവാട്ടായി ഉയർത്താനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഇത് തടസ്സമാകുന്നു.
വന്ദേ ഭാരത് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കും യന്ത്രങ്ങൾക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ചെലവ് വർധിപ്പിക്കുന്നതായി വിവിധ മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്തിയതും, അമേരിക്ക-പാകിസ്താൻ അടുപ്പവും ചൈനയുമായുള്ള വാണിജ്യ ബന്ധം പുനഃപരിശോധിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നു.
2020-ൽ ഗാൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികളെ സർക്കാർ ടെണ്ടറുകളിൽ നിന്ന് ഇന്ത്യ വിലക്കിയത്. രാഷ്ട്രീയ-സുരക്ഷാ അനുമതികൾ നിർബന്ധമാക്കിയതോടെ ഏകദേശം 750 ബില്യൺ ഡോളറിന്റെ കരാറുകളാണ് ചൈനയ്ക്ക് നഷ്ടമായത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിന് പിന്നാലെ നയതന്ത്ര ബന്ധത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്. നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചൈനീസ് വിദഗ്ധർക്ക് വിസ നൽകുന്നതിൽ ഇളവ് വരുത്തുകയും ചെയ്തു.