'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, ഇഷ്ടമുണ്ടെങ്കിൽ തുടരും, അല്ലെങ്കിൽ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും, അമിത് ഷായ്ക്ക് നൽകിയ വാക്കിൻ്റെ പേരിലാണ് സംയമനം പാലിക്കുന്നത്': അണ്ണാമലൈ | BJP

അതൃപ്തി പരസ്യമാക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, ഇഷ്ടമുണ്ടെങ്കിൽ തുടരും, അല്ലെങ്കിൽ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും, അമിത് ഷായ്ക്ക് നൽകിയ വാക്കിൻ്റെ പേരിലാണ് സംയമനം പാലിക്കുന്നത്': അണ്ണാമലൈ | BJP
Published on

കോയമ്പത്തൂർ : ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും, അല്ലെങ്കിൽ സിവിൽ സർവീസിൽനിന്ന് രാജിവച്ച് പാർട്ടിയിൽ ചേരേണ്ട ആവശ്യം ഇല്ലായിരുന്നെന്നും ബി.ജെ.പി.യുടെ തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. പാർട്ടിയിലെയും മുന്നണിയിലെയും സമീപകാല സംഭവവികാസങ്ങളിൽ തനിക്കുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം.(Will resign and return to farming, Annamalai against BJP )

കുറച്ചു കാലമായി പാർട്ടി നേതൃത്വവുമായി അണ്ണാമലൈ അകൽച്ചയിലാണ്. സ്വത്ത് സംബന്ധിച്ച കേസിൽ ബി.ജെ.പി. നേതൃത്വം നേരത്തേ അദ്ദേഹത്തോട് വിശദീകരണവും തേടിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിച്ച അണ്ണാമലൈ തൻ്റെ ഭാവി നിലപാടുകളെക്കുറിച്ച് സൂചന നൽകി.

"തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയ സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരും. ആരാണ് പദവികളിൽ തുടരേണ്ടതെന്നോ ആരെങ്ങനെ പെരുമാറണമെന്നോ നിർദേശിക്കാൻ എനിക്ക് അധികാരമില്ല. ഇഷ്ടമുണ്ടെങ്കിൽ ഞാൻ തുടരും. അല്ലെങ്കിൽ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോൾ പ്രതികരിക്കും," അണ്ണാമലൈ പറഞ്ഞു.

തോക്ക് ചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ലെന്നും, പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെ. നേതാക്കളുടെ തുടർച്ചയായ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും അണ്ണാമലൈ രൂക്ഷമായ മറുപടി നൽകി.

"സംസാരിച്ചു തുടങ്ങിയാൽ പല കാര്യങ്ങളും പറയേണ്ടിവരും. ഞാൻ ഇതുവരെ എ.ഐ.എ.ഡി.എം.കെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരുടെ നേതാക്കൾ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത് ഷായ്ക്ക് നൽകിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്," അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വത്തോടും സഖ്യകക്ഷികളോടുമുള്ള അണ്ണാമലൈയുടെ തുറന്ന പ്രതികരണം തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com