

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിരാമമിട്ട് സിദ്ധരാമയ്യ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.(Will remain the CM until the high command decides, says Siddaramaiah)
മുഖ്യമന്ത്രി പദത്തിന് രണ്ടര വർഷത്തെ കാലാവധി നിശ്ചയിച്ചിട്ടുണ്ടെന്ന വാദം അദ്ദേഹം പൂർണ്ണമായും തള്ളി. ഇത്തരമൊരു ധാരണയെക്കുറിച്ച് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തിരഞ്ഞെടുത്തതും ഹൈക്കമാൻഡ് അംഗീകരിച്ചതുമാണ്. ഹൈക്കമാൻഡ് മാറ്റം ആഗ്രഹിക്കുന്നത് വരെ താൻ മുഖ്യമന്ത്രിയായി തുടരും.
നിലവിലെ കോൺഗ്രസ് സർക്കാർ അഞ്ച് വർഷം തികയ്ക്കുമെന്നും 2028-ൽ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജനുവരിയിൽ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികൾ പ്രചരിപ്പിക്കുകയും ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. അധികാര തർക്കം രൂക്ഷമായതിന് പിന്നാലെ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പരസ്പരം വീടുകൾ സന്ദർശിച്ചും ഐക്യം പ്രകടിപ്പിച്ചും രംഗത്തെത്തിയിരുന്നു.