ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനിക്ക് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ സ്ഥാനത്ത് നിന്ന് നീക്കാൻ നിർദ്ദേശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ ശക്തമായ പ്രതികരണം.(Will recommend the removal of the CEO if necessary, Union Civil Aviation Minister's warning to IndiGo)
കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമാണ് പൈലറ്റുമാരുടെ ജോലിസമയ ചട്ടം നടപ്പിലാക്കിയത്. എന്നാൽ, നിലവിലെ പ്രതിസന്ധി ഇൻഡിഗോ മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് താൻ സംശയിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വീഴ്ചയും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. "ഞാൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായി," എന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ വിമാന സർവീസുകൾ സാധാരണനിലയിലായെന്ന് ഇൻഡിഗോ അവകാശപ്പെടുന്നുണ്ടെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ മാർച്ചിനു ശേഷം ഇൻഡിഗോയിലെ പൈലറ്റുമാരുടെ എണ്ണം മൂന്ന് ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം, എയർ ഇന്ത്യയുടെ പൈലറ്റുമാരുടെ എണ്ണം ഈ കാലയളവിൽ ഇരട്ടിയായി വർധിക്കുകയും ചെയ്തു.
ഇൻഡിഗോ ഇന്ന് പുതുക്കിയ ഷെഡ്യൂൾ ഡി ജി സി എയ്ക്ക് സമർപ്പിക്കും. എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഇന്ന് പാർലമെൻ്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. പൈലറ്റുമാർ നേരിടുന്ന ഡ്യൂട്ടി സമയ ലംഘനങ്ങൾ, അമിതമായ ജോലി സമ്മർദം തുടങ്ങിയ ആശങ്കകൾ ഇവർ കമ്മിറ്റിയെ അറിയിക്കും.