ചെന്നൈ: പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി. പാർട്ടിയുടെ ആസ്ഥാനം ആക്രമിച്ച് പാർട്ടിയെ ശത്രുക്കളുടെ മുന്നിൽ പണയം വച്ചത് പനീർസെൽവമാണ്. പാർട്ടിയിൽ നിന്നും പുറത്താക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നും എടപ്പാടി വ്യക്തമാക്കി. എടപ്പാടി വഴിവിട്ട രീതിയിലാണ് പാർട്ടി തലപ്പത്ത് എത്തിയതെന്നും കേസ് കോടതിയിലാണെന്നും ഒപിഎസും പ്രതികരിച്ചു. ഇതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അണ്ണാഡിഎംകെയുമായുള്ള സഖ്യം പുനഃസ്ഥാപിക്കാനുള്ള ഭാഗമായാണ് അണ്ണാമലൈയെ വിളിച്ചുവരുത്തിയതെന്നാണ് വിവരം. എടപ്പാടിയുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, കറുത്ത മാസ്കണിഞ്ഞു വിമാനത്താവളത്തിലെത്തിയ അണ്ണാമലൈ, സഖ്യം സംബന്ധിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വ്യക്തമാക്കി. അണ്ണാമലൈ ഡൽഹിക്കു പോയതെന്തിനാണെന്ന് തനിക്കറിയില്ലെന്നായിരുന്നു എടപ്പാടിയുടെ പ്രതികരണം.