

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ഡിഎംകെ തന്നെ അധികാരത്തിൽ വരുമെന്ന് സർവേ റിപ്പോർട്ട്. ലയോള കോളേജ് പൂർവ്വ വിദ്യാർത്ഥികൾ നയിക്കുന്ന ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. രാഷ്ട്രീയ വിശകലനം, പോൾ സർവേകൾ, ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള സ്ഥാപനാമാണ് ഐപിഡിഎസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എംകെ സ്റ്റാലിൻ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളാണ് സ്ഥാപനം പുറത്ത്‌വിട്ടത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ടിവികെ പ്രസിഡന്റ് നടൻ വിജയ് രണ്ടാം സ്ഥാനത്താണ്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ഒന്നാം സ്ഥാനത്തും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി മൂന്നാം സ്ഥാനത്തുമാണ്.
ശനിയാഴ്ച ചെന്നൈ പ്രസ് ക്ലബ്ബിൽ ഐപിഡിഎസ് സംഘം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഡാറ്റയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി മുൻഗണനാ സർവേയിൽ, സ്റ്റാലിൻ ഒന്നാം സ്ഥാനത്തും വിജയ് രണ്ടാം സ്ഥാനത്തും എത്തി. പളനിസ്വാമി മൂന്നാം സ്ഥാനത്തും ഡിഎംകെ എംപി കനിമൊഴി നാലാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഞ്ചാം സ്ഥാനത്തും എത്തി. ടിവികെയുടെ വരവോടെ രാഷ്ട്രീയ രംഗത്ത് പ്രകടമായ മാറ്റമാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ടിവികെയുടെ ആവിർഭാവം ഏത് പാർട്ടിയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക എന്നതിനെക്കുറിച്ച് പ്രതികരിച്ചവരിൽ കൂടുതൽ പേർ പറഞ്ഞത് ഡിഎംകെയെയാണ്, തുടർന്ന് വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ), എഐഎഡിഎംകെ എന്നിവയെയാണ്. സർവേ ഫലങ്ങൾ അനുസരിച്ച്, ഏറ്റവും കുറഞ്ഞ ആഘാതം നാം തമിഴർ കക്ഷിയെയായിരിക്കും പ്രതീക്ഷിക്കുന്നത്.
പുതിയ വോട്ടർമാരെ ആകർഷിക്കുന്ന യുവ നേതാക്കളുടെ വിഭാഗത്തിൽ വിജയ് ഒന്നാം സ്ഥാനത്തെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിൻ മൂന്നാം സ്ഥാനത്തും എൻടികെ നേതാവ് സീമാൻ നാലാം സ്ഥാനത്തുമെത്തി.
234 നിയമസഭാ മണ്ഡലങ്ങളെയും ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 81,375 പേരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് നടത്തിയത്. പ്രതികരിച്ചവരിൽ 54.8% പേർ നഗരപ്രദേശങ്ങളിൽ നിന്നും 41.3% പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുമാണ്. പ്രായത്തിന്റെ കാര്യത്തിൽ, 25.6% പേർ 21 നും 30 നും ഇടയിൽ പ്രായമുള്ളവരും, 41.3% പേർ 31 നും 45 നും ഇടയിൽ പ്രായമുള്ളവരും, 23.5% പേർ 46 നും 60 നും ഇടയിൽ പ്രായമുള്ളവരുമാണ്.
സർവേയിൽ പങ്കെടുത്തവരിൽ 81.71% ഹിന്ദുക്കളും 10.55% ക്രിസ്ത്യാനികളും 7.75% മുസ്ലീങ്ങളുമാണ് മതവിഭാഗത്തിൽപ്പെട്ടവരെന്ന് പറയുന്നു.