സ്കൂട്ടറിൽ ഭാര്യയുമായി പോകവെ ഹൃദയാഘാതം വന്ന് യുവാവ് റോഡിലേക്ക് വീണു. പിന്നാലെ അതുവഴി വന്ന വാഹനങ്ങളോട് നിർത്താൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയഭേദകമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ മനുഷ്യത്വം മരവിച്ചുപോയോയെന്ന ചോദ്യങ്ങളുയർന്നു. ( Wife pleads)
ഡിസംബർ 13 -നായിരുന്നു 34 -കാരനായ മെക്കാനിക്ക് വെങ്കിട്ടരമണന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഇതേതുടർന്ന് ഭാര്യ രൂപയോടൊപ്പം പുലർച്ചെ 3.30 ഓടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോയി. എന്നാൽ ഈ സമയത്ത് അവിടെ ഡോക്ടറില്ലാതിരുന്നതിനാൽ അവർ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിലേക്ക് റഫർ ചെയ്തു. തുടർന്ന് വെങ്കിട്ടരമണനും ഭാര്യ രൂപയും സ്കൂട്ടറിൽ ജയദേവ ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും പാതി വഴിയിൽ വച്ച് നെഞ്ച് വേദന കൂടുകയും വെങ്കിട്ടരമണ സ്കൂട്ടറിൽ നിന്നും താഴെ വീഴുകയായിരുന്നു.
റോഡിൽ വേദന കൊണ്ട് പുളയുന്ന ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാൻ രൂപ അതുവഴി പോയ എല്ലാ വാഹന യാത്രക്കാരോടും സഹായം അഭ്യർത്ഥിച്ചു. എന്നാല്‍, രൂപയുടെ കരച്ചിലിന് മുന്നിൽ ഒരു വാഹനം പോലും നിർത്തിയില്ല. വേദന കൊണ്ട് പുളഞ്ഞ് ഭർത്താവ് റോഡിൽ കിടക്കുമ്പോൾ അതുവഴി വന്ന ബൈക്കുകളോടും മറ്റ് വാഹനങ്ങളോടും സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഓടുന്ന രൂപയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
ഒടുവിൽ അതുവഴി വന്ന ഒരു കാബ് ഡ്രൈവർ കാർ നിർത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാല്‍, ഈ സമയത്തിനകം അടിയന്തര ചികിത്സ ലഭിക്കാതെ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. വെങ്കിട്ടരമണയുടെ ജീവൻ രക്ഷിക്കാൻ ആരും തയ്യാറായില്ലെങ്കിലും മരണാനന്തരം അദ്ദേഹത്തിന്‍റെ കണ്ണുകൾ കുടുംബം ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.