ഭോപ്പാൽ: കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ ചെറുമകനായ ദേവേന്ദ്ര ഗെലോട്ടിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെലോട്ട് രംഗത്ത്. സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ദിവ്യ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്.(Wife makes serious allegations against Karnataka Governor's grandson)
ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവച്ചിരിക്കുന്ന നാലു വയസ്സുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവ്യ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ദിവ്യയുടെ പരാതിപ്രകാരം, ഭർത്താവ് ദേവേന്ദ്ര ഗെലോട്ട് (33), അലോട്ടിൽ നിന്നുള്ള മുൻ എം.എൽ.എയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട് (55), സഹോദരീഭർത്താവ് വിശാൽ ഗെലോട്ട് (25) എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചു വരികയാണ്.
മദ്യപാനം, ലഹരി മരുന്ന് ഉപയോഗം, അവിഹിത ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിവാഹത്തിനു മുൻപ് ദേവേന്ദ്ര ഗെലോട്ട് മറച്ചുവച്ചതായും ദിവ്യ ആരോപിക്കുന്നു. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ 2018 ഏപ്രിൽ 29-നായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് താവർചന്ദ് ഗെലോട്ട് കേന്ദ്രമന്ത്രിയായിരുന്നു.
2021-ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായതായി ദിവ്യ പറയുന്നു. തനിക്ക് പലപ്പോഴും ഭക്ഷണം നിഷേധിക്കുകയും മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. മകൾ ജനിച്ചതിനുശേഷവും പീഡനം തുടർന്നു. "ഇന്ന് പണം കൊണ്ടുവന്നില്ലെങ്കിൽ ഞാൻ നിന്നെ കൊല്ലുമെന്ന്" ഒരു ദിവസം രാത്രി ഭീഷണിപ്പെടുത്തിയ ദേവേന്ദ്ര തന്നെ തള്ളിയിടുകയും, നട്ടെല്ലിനും തോളിനും അരയ്ക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. രാത്രി മുഴുവൻ വൈദ്യസഹായം ലഭിക്കാതെ കഴിയേണ്ടി വന്നുവെന്നും ദിവ്യ ആരോപിക്കുന്നു.
മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി കൊണ്ടുവന്നില്ലെങ്കിൽ, മകളെ കാണാൻ കഴിയില്ലെന്നാണ് ദേവേന്ദ്ര ഇപ്പോൾ ഭീഷണിപ്പെടുത്തുന്നതെന്നും ദിവ്യ പരാതിയിൽ പറയുന്നു. അതേസമയം, ആർക്കും ആരോപണങ്ങൾ ഉന്നയിക്കാമെന്നും, എല്ലാ വസ്തുതകളും താൻ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നുമാണ് ദേവേന്ദ്ര ഗെലോട്ടിന്റെ മറുപടി.