
പട്ന : കാമുകനൊപ്പം ജീവിക്കാൻ വികലാംഗനായ യുവാവിനെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി ഭാര്യയുടെ ക്രൂരത. ബിഹാറിലെ പട്നയിലെ ഭക്തിയാർപൂരിൽ നിന്നാണ് ഹൃദയഭേദകമായ വാർത്ത പുറത്ത് വന്നത്. പ്രദേശവാസിയായ ധീരജ് കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിന്റെ ഭാര്യ ഭാര്യ ശാലു കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, താനും ബന്ധുവായ യുവാവും ചേർന്ന് വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയതായി ശാലു സമ്മതിച്ചു.
ഭർത്താവിനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ശാലു പോലീസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ ധീരജ് തന്റെ ഭൂമി 9 ലക്ഷം രൂപയ്ക്ക് വിറ്റു, ആ പണത്തിൽ ഇരുവരുടെയും കണ്ണുണ്ടായിരുന്നു. ഈ അത്യാഗ്രഹം കാരണം അവർ അയാളെ കൊല്ലാൻ ഗൂഢാലോചന നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ധീരജിനെ കൊലപ്പെടുത്തി ധോബ നദിയിലേക്ക് വലിച്ചെറിഞ്ഞതായി പോലീസ് പറഞ്ഞു.തിങ്കളാഴ്ച നദീതീരത്ത് നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവസ്ഥലത്ത് രക്തക്കറകളും കണ്ടെത്തി. ബക്തിയാർപൂരിലെ റബൈച്ച് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ധരംനാഥ് സിംഗ് എന്ന ബന്തു സിങ്ങിന്റെ മകനാണ് മരിച്ച ധീരജെന്ന് എസ്ഡിപിഒ-2 അഭിഷേക് സിംഗ് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ധീരജിനെ കാണാതായതിനു ശേഷവും , ഈ വിവരം ഭാര്യ പോലീസിൽ അറിയിച്ചില്ലെന്നും അതുകൊണ്ടാണ് സംശയം യുവതിയിൽ പതിച്ചതെന്നും പോലീസ് പറഞ്ഞു. ശാലു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് 2,43,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
ഈ കൊലപാതകത്തിൽ അഞ്ച് കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്എച്ച്ഒ ദേവാനന്ദ് ശർമ്മ പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം സ്ത്രീയെ ജയിലിലേക്ക് അയച്ചു, മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി തിരച്ചിലുകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.