ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളിലെ രൂക്ഷമായ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വൈകിയതെന്തുകൊണ്ട് എന്ന ചോദ്യവുമായി ഡൽഹി ഹൈക്കോടതി. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. പ്രതിസന്ധിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.(Why was there a delay in intervention? Delhi High Court asks central government on IndiGo crisis)
കോടതി ഇൻഡിഗോ വിമാന കമ്പനിയോടും ചോദ്യങ്ങൾ ഉന്നയിച്ചു."നിങ്ങൾക്ക് മാത്രം എന്തുകൊണ്ട് പ്രശ്നം? മറ്റുള്ളവർ നിയമം പാലിച്ചു, മറ്റ് വിമാന കമ്പനികൾ ടിക്കറ്റിന് 40,000 രൂപ വരെ ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെ? എന്നും കോടതി ചോദിച്ചു. കൂടാതെ, റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും, നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിൽ അതിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ഇടപെടണമെന്നും കോടതി വ്യക്തമാക്കി
ഇൻഡിഗോ വിമാന കമ്പനിക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഇൻഡിഗോ സി.ഇ.ഒ അടക്കമുള്ളവരെ മാറ്റുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിസന്ധിയിൽ ഡി.ജി.സി.എ.യുടെ പങ്ക് അന്വേഷിക്കുമെന്ന സൂചനയും കേന്ദ്രം നൽകി.