ജയ്പൂർ: അഞ്ച് വർഷത്തോളമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ നിർണ്ണായക പ്രതികരണവുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഏതൊരാളും നിരപരാധിയാണെന്ന് കരുതപ്പെടണം. അതാണ് നിയമത്തിന്റെ അടിസ്ഥാന തത്വം എന്നാണ് അദ്ദേഹം പറഞ്ഞത്.(Who will answer for the lost years, DY Chandrachud on Umar Khalid's imprisonment)
ഒരാൾ അഞ്ച് കൊല്ലത്തോളം വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയും പിന്നീട് അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുകയും ചെയ്താൽ, അദ്ദേഹത്തിന് നഷ്ടപ്പെട്ട ആ വിലപ്പെട്ട വർഷങ്ങൾക്ക് ആര് മറുപടി നൽകുമെന്ന് അദ്ദേഹം ചോദിച്ചു. മറ്റ് പ്രത്യേക സാഹചര്യങ്ങൾ ഇല്ലെങ്കിൽ ജാമ്യം നൽകുക എന്നതാണ് നിയമമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയിൽ 53 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ആക്ടിവിസ്റ്റ് ഉമർ ഖാലിദ് വിചാരണ നേരിടുന്നത്.