മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയോട് നിർണ്ണായക ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരുമെന്ന് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ച് മല്യയോട് ആവശ്യപ്പെട്ടു. കോടതിയുടെ അധികാര പരിധിയിൽ വരാതെ നിയമത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കോടതി.(When will you come back to India? Bombay High Court asks Vijay Mallya)
തന്നെ 'ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെൻഡർ' ആയി പ്രഖ്യാപിച്ച ഉത്തരവിനെയും, 2018-ലെ ആ നിയമത്തിന്റെ ഭരണഘടനാ സാധുതയെയും ചോദ്യം ചെയ്താണ് മല്യ ഹർജി നൽകിയത്. എന്നാൽ കോടതിയിൽ കീഴടങ്ങാതെ ഇത്തരം ഹർജികൾ പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്തിന് പുറത്തിരുന്ന് അഭിഭാഷകർ വഴി ഹർജികൾ നൽകി നിയമത്തെ പരിഹസിക്കാൻ അനുവദിക്കില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. മല്യയെ വിട്ടുകിട്ടാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
സ്വത്തുക്കൾ പിടിച്ചെടുത്തതിലൂടെ 6,000 കോടിയുടെ ബാധ്യത തീർന്നുവെന്ന് മല്യയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും, കോടതിയിൽ ഹാജരാകാതെ ക്രിമിനൽ ബാധ്യതകൾ എങ്ങനെ അവസാനിക്കുമെന്ന് ബെഞ്ച് ചോദിച്ചു. രണ്ട് ഹർജികളിലും ഒരേസമയം വാദം കേൾക്കില്ലെന്ന് കോടതി അറിയിച്ചു. ഏത് ഹർജിയുമായി മുന്നോട്ട് പോകണം, ഏത് പിൻവലിക്കണം എന്ന് ഫെബ്രുവരി 12-നകം അറിയിക്കാൻ മല്യക്ക് കോടതി നിർദ്ദേശം നൽകി.