ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഊർജ്ജ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ 90 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോളതലത്തിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 15 ശതമാനം കുറവുണ്ടായി.(West Asian Crisis, India sees 90% increase in Russian oil imports)
ലോകത്തെ പ്രധാന ഊർജ്ജ പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം മാർച്ചിൽ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ 40 ശതമാനവും എൽഎൻജി വിതരണത്തിൽ വലിയ ഇടിവും സംഭവിച്ചു. ഉപരോധം നിലനിൽക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾക്ക് അമേരിക്ക 30 ദിവസത്തെ പ്രത്യേക ഇളവ് പ്രഖ്യാപിച്ചതാണ് മാർച്ചിലെ ഈ കുതിപ്പിന് കാരണമായത്. 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ കുറച്ചിരുന്നു.
അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വെനിസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ സൗദി അറേബ്യയുടെ യാൻബു പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും വഴി ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ഭാഗികമായി എണ്ണ എത്തിക്കുന്നുണ്ട്. ഇന്ത്യയുടെ എൽഎൻജി വിതരണത്തിൽ 92 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഖത്തർ എനർജി ‘ഫോഴ്‌സ് മജ്യൂർ’ പ്രഖ്യാപിച്ചതാണ് ഇതിന് പ്രധാന കാരണം.
എൽപിജി ഇറക്കുമതിയിലുണ്ടായ കുറവ് പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയും വാണിജ്യ-വ്യവസായ മേഖലകളിലെ വിതരണം നിയന്ത്രിക്കുകയും ചെയ്തു. രാജ്യത്തെ 33.2 കോടിയിലധികം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതക ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കം. അമേരിക്ക, ഒമാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിച്ചാണ് ഖത്തറിൽ നിന്നുള്ള കുറവ് ഇന്ത്യ നികത്തുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. ഇതോടൊപ്പം ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങാനും വെനിസ്വേലയിൽ നിന്ന് പുതിയ സ്റ്റോക്കുകൾ എത്തിത്തുടങ്ങാനും സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമാകും.

