ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയിൽ സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് ബാരലിന് 100 ഡോളർ പിന്നിട്ടു. ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതോടെ ആഗോള ഓഹരി വിപണികളിലും വൻ ഇടിവ് രേഖപ്പെടുത്തി.(West Asian conflict, Huge jump in oil prices in the international market)
അറബ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന ആക്രമണശ്രമങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രാത്രി സൗദിക്ക് നേരെ അമ്പതോളം ഡ്രോൺ ആക്രമണങ്ങളുണ്ടായി എന്നാണ് വിവരം. തങ്ങൾക്ക് നേരെ 10 ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായി യുഎഇ സ്ഥിരീകരിച്ചു.
രണ്ടിടങ്ങളിലും കാര്യമായ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

