
ഹൈദരാബാദ്: എല്ലാവരോടും വിട പറഞ്ഞുകൊണ്ട് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് പിന്നാലെ ബെംഗളൂരുവിൽ നിന്നുള്ള യോഗാധ്യാപകനെ കാണാതായതായി പരാതി. പഞ്ചഗുട്ട പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം, ഹരിയാനയിൽ നിന്നുള്ള സുരേന്ദ്ര (30) ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു, യോഗാധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഇതിനിടെ മറ്റൊരു യോഗാധ്യാപികയുമായുള്ള പരിചയം പ്രണയത്തിലേക്ക് നയിച്ചു. തുടർന്ന് ഈ മാസം 22 ന് യോഗാധ്യാപികയായ യുവതിയെ കാണാൻ അയാൾ ഹൈദരാബാദിലെത്തി . ജൂബിലി ഹിൽസിലെ ഒരു ഹോട്ടലിലും മറ്റൊരു പ്രദേശത്തും ഇവർ താമസിച്ചിരുന്നു- പോലീസ് പറയുന്നു.
വെള്ളിയാഴ്ച, അവർ രണ്ടുപേരും പഞ്ചഗുട്ടയിലെ നെക്സ്റ്റ് ഗാലറി മാളിൽ എത്തി. എന്നാൽ അല്പസമയത്തിനു ശേഷം തനിക്ക് സുഖമില്ലെന്ന് പറഞ്ഞ സുരേന്ദ്ര യുവതിയെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട്, എല്ലാവരോടും വിട പറഞ്ഞുകൊണ്ട് "Goodbye" എന്ന് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുകയും, പിന്നാലെ കാണാതെയാകുകയുമായിരുന്നു. സ്റ്റാറ്റസ് കണ്ട് ആശങ്കാകുലരായ ബന്ധുക്കളും സുഹൃത്തുക്കളും പലയിടങ്ങളിലും തിരഞ്ഞെങ്കിലും ഫലമൊന്നും ഉണ്ടായില്ല. തുടർന്ന് അവർ അവർ പഞ്ചഗുട്ട പോലീസിൽ പരാതി നൽകുകയായിരുന്നു
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കോൾ ഡാറ്റയും പോലീസ് പരിശോധിച്ചുവരികയാണ്. സുരേന്ദ്രനെ വിവാഹം കഴിപ്പിക്കാൻ കുടുംബം ആലോചനകൾ നോക്കുന്നതിനിടെ, നഗരത്തിൽ വെച്ച് കാമുകിയെ കണ്ടതിന് ശേഷം അപ്രത്യക്ഷനായത് സംശയം ജനിപ്പിക്കുന്നു. പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്താൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരുമെന്ന് പോലീസ് പറയുന്നു. സുരേന്ദ്രയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 87125 71535, 78126 61275 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.