ന്യൂഡൽഹി: ബിജെപി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിയുടെ അറിവോടെയാണ് 2016 ൽ താൻ രാജ്യം വിട്ടതെന്ന് വ്യവസായി വിജയ് മല്യ. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് അന്നത്തെ ധനമന്ത്രിയുടെ അറിവോടെയാണ് രാജ്യം വിട്ടതെന്നു മല്യ അവകാശപ്പെട്ടത്. മോദി സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ തുറന്നുപറച്ചിൽ എന്ന് ആരോപിച്ച് കോൺഗ്രസ് ഈ വിഡിയോ പങ്കുവച്ചു.
നരേന്ദറു’ടെ സംവിധാനമൊന്നാകെ അടിയറവു പറയുന്നവരുടേതായെന്നു പാർട്ടി വക്താവ് പവൻ ഖേര പരിഹസിച്ചു. ‘നരേന്ദർ മോദി, അല്ല സറണ്ടർ (അടിയറവയ്ക്കുന്ന) മോദി’യാണ് രാജ്യം ഭരിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്റെ ചുവടുപിടിച്ചായിരുന്നു ഖേരയുടെ വിമർശനം.
വിമാനത്താവളത്തിലേക്കു പോകും മുൻപ് ജയ്റ്റ്ലിയോടു പറഞ്ഞിരുന്നുവെന്നും അതിനുശേഷമാണ് ഡൽഹിയിൽനിന്ന് ലണ്ടനിലേക്കു പോയതെന്നും മല്യ വിഡിയോയിൽ പറയുന്നു. കിങ് ഫിഷർ വിമാനക്കമ്പനിക്ക് ഇന്ത്യയിലെ ബാങ്കുകൾ നൽകിയ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതിന് കമ്പനിയുടമയായ മല്യ നിയമനടപടി നേരിടുകയാണ്.