കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ജില്ലകളിലുണ്ടായ നശീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.
'പശ്ചിമ ബംഗാളിലെ ചില ജില്ലകളില്‍ പ്രഥമദൃഷ്ട്യാ നാശനഷ്ടങ്ങള്‍ കാണിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഞങ്ങള്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല,' ജസ്റ്റിസ് സൗമെന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മുര്‍ഷിദാബാദിന് പുറമെ, സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അംതാല, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹൂഗ്ലിയിലെ ചാമ്പ്ദാനി എന്നിവിടങ്ങളില്‍ നിന്നും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മുര്‍ഷിദാബാദ് ജില്ലയില്‍ കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാനും കോടതി ഉത്തരവിട്ടു. ഈ നിര്‍ദ്ദേശം മുര്‍ഷിദാബാദ് ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും 'ആവശ്യാനുസരണം സമാനമായ സാഹചര്യം നേരിടുന്ന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്നും' കോടതി നിർദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സാധാരണ നില കൊണ്ടുവരാനും കേന്ദ്ര സേനയെ ഉടന്‍ വിന്യസിക്കാമെന്നും കോടതി പറഞ്ഞു.
മുര്‍ഷിദാബാദില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അക്രമവുമായി ബന്ധപ്പെട്ട് 138 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.