ന്യൂഡൽഹി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് യുവാവിനെ വിവാഹച്ചടങ്ങിനിടെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിളും സഹോദരങ്ങളുമടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു ( Wazirabad Murder Case). ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ആശിഷ് (30) ആണ് കൊല്ലപ്പെട്ടത്. ഡൽഹി പോലീസ് ട്രാഫിക് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായ പർവേഷ്, സഹോദരൻ സന്ദീപ്, ബന്ധു വിപിൻ എന്നിവരാണ് പിടിയിലായത്.
വസീറാബാദിൽ നടന്ന അയൽവാസിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആശിഷും പ്രതികളും. പർവേഷിന്റെ ഭാര്യയുമായി ആശിഷിന് ബന്ധമുണ്ടെന്ന് പർവേഷ് സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലി മാസങ്ങൾക്ക് മുൻപ് തർക്കമുണ്ടാവുകയും പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നെങ്കിലും പർവേഷിന് പകയുണ്ടായിരുന്നു. വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പർവേഷും സംഘവും ആശിഷിനെ തടഞ്ഞുനിർത്തി തോക്കിന്റെ പിൻഭാഗം കൊണ്ട് തലയ്ക്കടിക്കുകയും തുടർന്ന് നെഞ്ചിലേക്ക് വെടിവെക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ഉപയോഗിച്ച ലൈസൻസുള്ള പിസ്റ്റൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റവും ആയുധ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട വികാസ് എന്ന മറ്റൊരാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയായ പർവേഷ് 2008-ലാണ് പോലീസ് സേനയിൽ ചേർന്നത്. എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ആശിഷ്.
Summary: A Delhi Police head constable and two others were arrested for allegedly shooting dead a 30-year-old man, Ashish, during a wedding function in North Delhi.

