ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ രംഗത്ത്. പ്രതിപക്ഷം സഭയിൽ നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ചർച്ചകളിലൂടെ സർക്കാരിനെ വെല്ലുവിളിക്കുന്നതിന് പകരം ബഹളം വെച്ച് നടപടികൾ തടസ്സപ്പെടുത്തുന്ന രീതി ശരിയല്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി.(Waste of valuable opportunities, Shashi Tharoor on opposition protests in Parliament)
ചോദ്യോത്തരവേളയും ശൂന്യവേളയും പോലുള്ള അവസരങ്ങൾ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരെ മുൾമുനയിൽ നിർത്താനുള്ള വിലപ്പെട്ട അവസരങ്ങൾ പ്രതിപക്ഷം പാഴാക്കുകയാണ്. യു.പി.എ. ഭരണകാലത്ത് ബി.ജെ.പി. ചെയ്ത അതേ കാര്യങ്ങൾ ഇപ്പോൾ ഇന്ത്യ സഖ്യം ആവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഈ നിരുത്തരവാദിത്തപരമായ പെരുമാറ്റം മൂലം നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിന് തന്നെയാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. നിയമനിർമ്മാണങ്ങൾ ഏകപക്ഷീയമായി നടക്കുന്നുവെന്നും പാർലമെന്റിന്റെ പ്രാധാന്യം കുറയുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ ആശങ്ക പ്രകടിപ്പിച്ചു.