
ഡൽഹി: വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കേണ്ടെന്ന തീരുമാനത്തിൽ സർക്കാർ. സംയുക്ത പാര്‍ലമെന്‍ററി യോഗത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. അദാനി വിവാദത്തെ ചൊല്ലി ഇന്നും പാര്‍ലമെന്‍റ് സ്തംഭിച്ചു. വഖഫ് നിയമഭേദഗതിയിലെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാന്‍ നടന്ന യോഗം പ്രതിപക്ഷ പ്രതിഷേധത്തില്‍ ബഹളമയമായി. നടപടികള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് മറ്റന്നാള്‍ കൈമാറുമെന്നും സമിതി അധ്യക്ഷന്‍ ജഗദാംബിക് പാല്‍ അറിയിച്ചതോടെ പ്രതിപക്ഷ നേതാക്കള്‍ പ്രകോപിതരായി.
ഡൽഹി, പഞ്ചാബ്, ജമ്മുകശ്മീർ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാരും വഖഫ് ബോര്‍ഡുകളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഗണിക്കാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് നേതാക്കള്‍ ആരാഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്നിറങ്ങി പോയി. പ്രതിപക്ഷത്തിന്‍റെ നിലപാട് ചില ബിജെപി എംപിമാരും ശരിവച്ചതോടെ സമിതിുടെ കാലാവധി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ അടുത്ത വര്‍ഷം നടക്കുന്ന ബജറ്റ് സമ്മേളനം വരെ ജെപിസിയുടെ കാലാവധി നീട്ടി.