
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭയിൽ ചോദ്യോത്തരവേളക്ക് ശേഷം, ഉച്ചയ്ക്ക് 12 മണിയോടെ അവതരിപ്പിക്കുന്ന ബില്ലിൻമേൽ എട്ടു മണിക്കൂർ ആണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ചർച്ചയ്ക്കു മറുപടി നൽകും. ഇന്നു രാത്രിയോടെ ബിൽ വോട്ടിനിട്ടു പാസാക്കാനാണു തീരുമാനം. രാജ്യസഭയിൽ നാളെയാകും വഖഫ് ചർച്ചയും വോട്ടെടുപ്പും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.ലോക്സഭയിൽ ഇന്നു നടക്കുന്ന ചർച്ചയിലും വോട്ടെടുപ്പിലും നിർബന്ധമായും ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും ടിഡിപിയും അവരുടെ എംപിമാർക്കു മൂന്നുവരി വിപ്പു നൽകി.ബിജെപിയും എസ്പിയും ലോക്സഭയിൽ ഇന്നത്തേക്കു മാത്രമായി വിപ്പു നൽകിയപ്പോൾ, ഇന്നും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ലോക്സഭയിൽ എല്ലാ കോണ്‍ഗ്രസ് എംപിമാരും ഉണ്ടാകണമെന്നു വിപ്പു നൽകിയിട്ടുണ്ട്.