ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രം ബില്ല് അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്നും എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതിബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചരണമെന്നും പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ജെപിസിയിൽ ബില്ലിനെക്കുറിച്ച് വിശദമായ ചർച്ച നടന്നതായി കിരൺ റിജിജു സഭയില്‍ അറിയിച്ചു. 97 ലക്ഷം നിർദേശങ്ങൾ സംയുക്ത പാർലമെന്ററി സമിതിക്ക് ലഭിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ടുവരും. മത നേതാക്കളെ കണ്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. ഇതിനുമുമ്പും നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ ആരും എതിർത്തിട്ടില്ല. എന്നാൽ ഇപ്പോൾ ഭേദഗതിയെ എതിർക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ചർച്ചകൾക്ക് ശേഷമാണ് ഭേദഗതികൾ കൊണ്ടുവന്നതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ല് തയ്യാറാക്കിയതെന്നും അമിത് ഷാ അറിയിച്ചു.
വഖഫ് ഭേദഗതി ബില്ല് മുസ്‌ലിം വിരുദ്ധമാണെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് വ്യക്തമാക്കി.ബില്ലിനെ കൂടുതൽ സങ്കീർണമാക്കുകയാണ് സംയുക്ത പാർലമെന്ററി സമിതി(ജെപിസി) ചെയ്തത്. ജെപിസിയിൽ പ്രതിപക്ഷ പാർട്ടികളുടെയോ, ഞങ്ങളുടെയോ നിർദ്ദേശങ്ങൾ പരിഗണിച്ചില്ല. തങ്ങളുടെ നിർദേശങ്ങൾ സർക്കാർ പരിഗണിച്ചെന്ന് അവകാശപ്പെടുന്ന എൻഡിഎ ഘടകകക്ഷികൾ, എന്താണ് ഭേദഗതി ചെയ്തതെന്ന് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.