പട്‍ന: വഖഫ് ദേദഗതി ബില്ലിനെ പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആര്‍ജെഡി. നിതിഷീനെ 'ചീറ്റിഷ് കുമാര്‍' എന്ന് വിളിച്ച ആര്‍ജെഡി അദ്ദേഹത്തെ ആർഎസ്എസ് പ്രവർത്തകനായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. വഖഫ് ബില്ലിനെ അനുകൂലിച്ച് നിതീഷ് കുമാര്‍ പാര്‍ലമെന്‍റിൽ വോട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് ജെഡിയുവിലെ മൂന്ന് മുതിര്‍ന്ന നേതാക്കൾ പാര്‍ട്ടി വിട്ടിരുന്നു. മുഹമ്മദ് ഖാസിം അൻസാരി, മുഹമ്മദ് ഷാനവാസ് മാലിക്, മുഹമ്മദ് തബ്രെസ് സിദ്ദിഖി എന്നിവരാണ് രാജിവച്ചത്. ഇതിന് പിന്നാലെയാണ് ആര്‍ജെഡിയുടെ ആക്രമണം.
ആർജെഡി പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിതീഷ് കുമാർ ആർഎസ്‌എസിന്‍റെ ട്രേഡ്‌മാർക്കായ വെള്ള ഷർട്ടും കാക്കി ട്രൗസറും ധരിച്ചിരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. 'ആർഎസ്എസ് സർട്ടിഫൈഡ് മുഖ്യമന്ത്രി ചീറ്റിഷ് കുമാർ' എന്നാണ് ബിഹാർ പ്രതിപക്ഷ പാർട്ടി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ബില്ലിൽ ബിജെപിയുമായി സഹകരിച്ചതിലൂടെ ജെഡിയു മേധാവി ആർഎസ്എസിന്‍റെ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് ആര്‍ജെഡി ചൂണ്ടിക്കാട്ടുന്നു.
വഖഫ് ബിൽ പാസാക്കിയത് ജെഡിയുവിലെ മുസ്‍ലിം നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ലോക്സഭയിൽ യഥാക്രമം 12 ഉം 16 ഉം എംപിമാരുള്ള ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണ വഖഫ് ബിൽ പാസാക്കുന്നതിൽ നിർണായകമായിരുന്നു. അതേസമയം, രാജി വച്ച നേതാക്കൾ തങ്ങളുടെ അണികളിൽ പെട്ടവരല്ലെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു.