
ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ സഭയിൽ മലയാളത്തില്‍ പ്രസംഗിച്ച് എംപി കെ. രാധാകൃഷ്ണന്‍. ബില്ലിനെ ശക്തമായി എതിര്‍ക്കുന്നവെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ കവി മാര്‍ട്ടിന്‍ നീമൊളറുടെ ഫാസിസത്തിനെതിരായ വരികള്‍ അദ്ദേഹം സഭയില്‍ ഉദ്ധരിച്ചു.
ഈ ബില്ല് പാവപ്പെട്ടവര്‍ക്കോ കുട്ടികള്‍ക്കോ വനിതകള്‍ക്കോ വേണ്ടിയല്ല അവതരിപ്പിച്ചത്. ബില്ല് കൊണ്ടുവന്ന സര്‍ക്കാരിനു തന്നെ അത് വ്യക്തമായി അറിയാം. തെറ്റായ സമീപനത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.
മുസ്ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് നമ്മുടെ ജനതയെക്കൊണ്ട് ചിന്തിപ്പിക്കുക. ഇതിലൂടെ വിഭജനമുണ്ടാക്കി ആളുകളെ തമ്മിൽ ശത്രുക്കളാക്കുക. ഈ ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തന്ത്രമിതാണെന്ന് രാധാകൃഷ്ണന്‍ വിമർശിച്ചു.
ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ബില്ലിലൂടെ ഭരണഘടനയുടെ 27-ാം അനുച്ഛേദം ലംഘിക്കപ്പെടുന്നു. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കടന്നക്കുന്ന അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ബില്‍ ഉദ്ദേശിക്കുന്നു.
കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍ വലിയ കലാപം ഉണ്ടായി. 1987-ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്ന് നടന്നതെന്ന് രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.