
രാജ്കോട്ട്: എൺപതാം വയസ്സിൽ രണ്ടാമതും വിവാഹം കഴിക്കാനുള്ള പിതാവിന്റെ ശ്രമങ്ങൾക്ക് എതിരുനിന്ന മകന് നഷ്ടമായത് സ്വന്തം ജീവൻ. ഗുജറാത്തിലെ രാജ്കോട്ടിലാണ് തന്റെ രണ്ടാം വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് 52 വയസ്സുള്ള മകനെ വയോധികൻ വെടിവച്ചു കൊലപ്പെടുത്തിയത്.
പ്രതിയായ രാംഭായ് ബോറിച്ചയും മകൻ പ്രതാപ് ബോറിച്ചയും സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ പ്രതാപ് എതിർത്തതാണ് തർക്കത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു. രാവിലെ ഭർത്താവിനൊപ്പം റാംഭായിക്ക് ചായ നൽകി അടുക്കളയിലേക്ക് മടങ്ങിയശേഷം രണ്ടു തവണ വെടിയൊച്ച കേൾക്കുകയായിരുന്നുവെന്ന് പ്രതാപിന്റെ ഭാര്യ ജയ ബെൻ പൊലീസിന് മൊഴി നൽകി. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു റാംഭായി. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.