പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് നടത്തിയ മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, സമസ്തിപുര്‍ ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എസ്ആര്‍ കോളേജിന് സമീപം അച്ചടിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചത്.
അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
സിഇസിയുടെ നിര്‍ദ്ദേശപ്രകാരം, തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്ക് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ (എആര്‍ഒ) സസ്പെന്‍ഡ് ചെയ്തു. മോക്ക് പോള്‍ സ്ലിപ്പുകള്‍ എങ്ങനെയാണ് അനുചിതമായി ഉപേക്ഷിച്ചതെന്നും അവ നീക്കം ചെയ്യുന്നതില്‍ എന്തെങ്കിലും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നും കണ്ടെത്താന്‍ ജില്ലാ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.