മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭാവിയെ നിർണ്ണയിക്കുന്ന 29 നഗരസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. മുംബൈ, പൂനെ, നാഗ്പൂർ, നാസിക്, നവി മുംബൈ, താനെ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ഭരണസമിതികളിലേക്കാണ് ഇന്ന് ജനവിധി നടക്കുന്നത്. ജനുവരി 15 വ്യാഴാഴ്ച രാവിലെ 7.30-ന് ആരംഭിച്ച വോട്ടെടുപ്പിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, നടൻ അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി.(Voting in 29 municipalities in Maharashtra today)
ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് (BMC) ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം. 74,400 കോടി രൂപയിലേറെ വാർഷിക ബജറ്റുള്ള മുംബൈയുടെ ഭരണം പിടിക്കാൻ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ശിവസേനയിലെയും എൻ.സി.പിയിലെയും പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ നഗരസഭാ തെരഞ്ഞെടുപ്പാണിത് എന്ന പ്രത്യേകതയുമുണ്ട്. ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും ബി.ജെ.പിയും നേരിട്ട് മത്സരിക്കുന്നു. ഉദ്ധവ് പക്ഷത്തിനൊപ്പം രാജ് താക്കറെയുടെ എം.എൻ.എസും ശരദ് പവാർ പക്ഷ എൻ.സി.പിയും അണിനിരക്കുമ്പോൾ, ബി.ജെ.പി - ഷിൻഡെ സഖ്യം മറുഭാഗത്തുണ്ട്. കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
മുംബൈയിലെ 227 വാർഡുകളിലായി 1,700 സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുമ്പോൾ സി.പി.എമ്മിലെ നാരായണൻ, ഉദ്ധവ് പക്ഷത്തെ ജഗദീഷ് ഉൾപ്പെടെയുള്ള നിരവധി മലയാളികളും മത്സരരംഗത്തുണ്ട്. ആകെ 3.48 കോടി വോട്ടർമാരാണ് 2,869 സീറ്റുകളിലേക്കായി ഇന്ന് ജനവിധി നിർണ്ണയിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് ശേഷമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന നഗരങ്ങളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ, ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.