ഡൽഹി : പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടർമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കിൽ നിന്ന് വ്യക്തമാകുന്നത്.
കരട് പട്ടികയിൽ 65 ലക്ഷം പേരെയായിരുന്നു ഒഴിവാക്കിയിരുന്നത്. കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.