ന്യൂഡൽഹി: കംബോഡിയൻ അതിർത്തിയിൽ തായ് സൈന്യം ഹിന്ദു ദൈവത്തിന്റെ വിഗ്രഹം തകർത്ത സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. തായ്‌ലൻഡ്-കംബോഡിയ സൈനിക സംഘർഷത്തിനിടെ നടന്ന ഈ നടപടി ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(Vishnu idol destroyed in Cambodia, India protests strongly)
കംബോഡിയൻ അതിർത്തിയിലെ ആൻ സെസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന വിഷ്ണു പ്രതിമയാണ് തായ് സൈന്യം ബാക്ക്‌ഹോ ലോഡർ ഉപയോഗിച്ച് തകർത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2014-ൽ നിർമ്മിക്കപ്പെട്ട ഈ പ്രതിമ, തായ്‌ലൻഡ് അതിർത്തിയിൽ നിന്ന് ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്തിരുന്നത്. തർക്കപ്രദേശത്ത് അടുത്തിടെ നിർമ്മിച്ച പ്രതിമയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് തായ് സൈന്യത്തിന്റെ നടപടി.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ഈ മേഖലയിലെ ജനങ്ങൾ ഹിന്ദു, ബുദ്ധ ദേവതകളെ ഒരുപോലെ ആരാധിക്കുന്നുണ്ടെന്നും ഇത് നമ്മുടെ നാഗരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനം നിലനിർത്തുന്നതിനും കൂടുതൽ ജീവഹാനിയും സ്വത്തുനാശവും ഒഴിവാക്കുന്നതിനും ഇരുരാജ്യങ്ങളും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു.