ആറുമാസം മുമ്പ് തന്റെ കുടുംബാംഗത്തെ തട്ടിപ്പുസംഘം രണ്ടുദിവസം വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി നടന്‍ നാഗാര്‍ജുന. ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണര്‍ വി.സി സജ്ജനാറിനൊപ്പ വാര്‍ത്താസമ്മേളനത്തിലാണ് നാഗാര്‍ജുന ഇക്കാര്യം തുറന്നുപറഞ്ഞത്. (Nagarjuna)
'ആറുമാസംമുമ്പ് ഇതേകാര്യം എന്റെ സ്വന്തം വീട്ടിലും സംഭവിച്ചതായി ഞാന്‍ ഓര്‍ക്കുകയാണ്. എന്റെ കുടുംബാംഗങ്ങളില്‍ ഒരാളെ രണ്ടുദിവസം ഡിജിറ്റല്‍ അറസ്റ്റില്‍ നിര്‍ത്തി. ഇത്തരം തട്ടിപ്പുസംഘം നമ്മളെ നിരീക്ഷിക്കുകയും നമ്മുടെ ബലഹീനതകള്‍ തിരിച്ചറിയുകയുംചെയ്യും', നടന്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ നാഗാര്‍ജുന ഔദ്യോഗികമായി പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പോലീസ് സംഭവത്തില്‍ ഇടപെട്ടുവെന്നും ഉടനേ തട്ടിപ്പുസംഘം അപ്രത്യക്ഷരായെന്നും പോലീസ് അവകാശപ്പെട്ടു.
ആന്ധ്രയിലേയും തെലങ്കാനയിലേയും സിനിമാ പൈറസി വെബ്‌സൈറ്റുകളെ നിയന്ത്രിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണി ഇമ്മധി രവിയെ ഹൈദരാബാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. പൈറസി സൈറ്റായ ഐബൊമ്മയുടെ സ്ഥാപകനാണ് രവി. അറസ്റ്റില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും നടനുമാ പവന്‍ കല്യാണ്‍ ഹൈദരാബാദ് പോലീസിനെ സാമൂഹികമാധ്യമങ്ങള്‍ വഴി അഭിനന്ദിച്ചിരുന്നു. നടന്മാരായ ചിരഞ്ജീവി, നാഗാര്‍ജുന അക്കിനേനി, സംവിധായകന്‍ എസ്.എസ്. രാജമൗലി എന്നിവര്‍ സജ്ജനാറിനെ നേരിട്ടുകണ്ടും അഭിനന്ദനം അറിയിച്ചു.
തെലുങ്ക് സിനിമയിലെ പ്രബലമായ അക്കിനേനി കുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് നാഗാര്‍ജുന. അമല അക്കിനേനിയാണ് ഭാര്യ. അഖില്‍ അക്കിനേനി, നാഗചൈതന്യ എന്നിവരുടെ പിതാവാണ് നാഗാര്‍ജുന. സാമന്തയുമായി വിവാഹമോചനം നേടിയ നാഗചൈതന്യ അടുത്തിടെ ശോഭിത ധുലിപാലയെ വിവാഹംചെയ്തിരുന്നു. സൈനബ് റാവ്ജിയാണ് അഖിലിന്റെ ഭാര്യ. നാഗാര്‍ജുനയുടെ വെളിപ്പടുത്തലോടെ, തട്ടിപ്പുസംഘത്തിന് ഇരയായത് ഇവരില്‍ ആരെന്ന ചോദ്യവുമായി സാമൂഹികമാധ്യമങ്ങളില്‍ ആരാധകരെത്തി.