അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു അപൂർവ്വ നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോലി. കരിയറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് കോലി ഈ ചരിത്ര നേട്ടം കൈവരിച്ചത്.
ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ 28,016 റൺസ് എന്ന റെക്കോർഡാണ് കോലി തിരുത്തിയത്. മത്സരത്തിന് മുൻപ് ഈ നേട്ടത്തിലെത്താൻ 42 റൺസ് കൂടി മതിയായിരുന്ന കോലി, 93 റൺസ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കോലിയുടെ റൺ സമ്പാദ്യം 28,000 കടന്നു. ഇനി ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ (34,357 റൺസ്) മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.
മറ്റൊരു പ്രധാന നേട്ടം കൂടി ഈ മത്സരത്തിലൂടെ കോലി സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളിൽ നിന്ന് 28,000 റൺസ് പൂർത്തിയാക്കുന്ന താരമെന്ന സച്ചിന്റെ റെക്കോർഡും കോലി മറികടന്നു.
സച്ചിൻ തെണ്ടുൽക്കർ: 644 ഇന്നിങ്‌സുകൾ.
വിരാട് കോലി: 624 ഇന്നിങ്‌സുകൾ.
അതായത് സച്ചിനേക്കാൾ 20 ഇന്നിങ്‌സുകൾ മുൻപേ കോലി ഈ നാഴികക്കല്ല് പിന്നിട്ടു. നിലവിലെ ഫോം തുടരുകയാണെങ്കിൽ സച്ചിന്റെ ആകെ റൺസ് എന്ന റെക്കോർഡിനും കോലി ഭീഷണിയായേക്കാം.