ന്യൂഡൽഹി: അതിവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് കാറിലിടിച്ച് തെറിച്ചു വീണിട്ടും കൂസലില്ലാതെ എഴുന്നേറ്റ് നിന്ന് കാർ ഡ്രൈവർക്ക് ‘തംബ്‌സ് അപ്പ്’ നൽകുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു (Viral Bike Accident Thumbs Up Reaction). ഇൻസ്റ്റാഗ്രാം ഉപയോക്താവായ വിക്കി സർക്കാരാണ് ഈ അവിശ്വസനീയമായ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഹൈവേയിലൂടെ വേഗത്തിൽ സഞ്ചരിക്കവെയാണ് കാറുമായി വിക്കിയുടെ ബൈക്ക് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ വിക്കി വായുവിലൂടെ തെറിച്ച് റോഡിന് നടുവിൽ വീണത്. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ സ്വയം നിയന്ത്രിച്ച് എഴുന്നേറ്റ താരം, തന്നെ ഇടിച്ച കാർ ഡ്രൈവർക്ക് നേരെ തിരിഞ്ഞ് ഒരു തംബ്‌സ് അപ്പ് ചിഹ്നം കാണിക്കുകയായിരുന്നു. താൻ സുരക്ഷിതനാണെന്ന് അറിയിക്കാനായിരുന്നു ഈ പ്രതികരണം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ആറ് ദശലക്ഷത്തിലധികം (60 ലക്ഷം) ആളുകളാണ് കണ്ടത്.
ഹൈവേയിൽ സാധാരണമായ 110-120 കിലോമീറ്റർ വേഗതയിലായിരുന്നു താൻ സഞ്ചരിച്ചിരുന്നതെന്ന് വിക്കി പറയുന്നു. തന്റെ ബൈക്കിലെ ക്യാമറ ശ്രദ്ധിച്ച ഒരു സ്കൂട്ടർ യാത്രികൻ പെട്ടെന്ന് ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചത്. സ്കൂട്ടർ യാത്രികനുമായി ഇടിക്കാൻ പോയ കാർ പെട്ടെന്ന് വേഗത കുറച്ചതോടെ പിന്നാലെ വന്ന വിക്കി കാറിലിടിക്കുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും ആ നിമിഷത്തെ ആവേശം കൊണ്ടാണ് തംബ്‌സ് അപ്പ് നൽകിയതെന്നും വിക്കി വ്യക്തമാക്കി.
വിക്കിയുടെ പ്രതികരണം കണ്ട് പലരും അത്ഭുതപ്പെടുകയും തമാശകൾ പങ്കുവെക്കുകയും ചെയ്തു. “ഒരു നിമിഷം ജീസസിനെപ്പോലെ തോന്നിപ്പിച്ചെങ്കിലും താനൊരു റൈഡറാണെന്ന് അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു” എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ വിക്കിയുടെ അമിതവേഗതയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. റോഡ് അത്ര വിജനമായിരുന്നില്ലെന്നും ശ്രദ്ധിച്ചു വണ്ടി ഓടിക്കണമെന്നും ചിലർ ഉപദേശിച്ചു.
View this post on Instagram

