ചെന്നൈ : നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലി വൻ ദുരന്തമായി മാറി. തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ചു. ഇതിൽ 7 കുട്ടികളും 13 സ്ത്രീകളും ഉൾപ്പെടുന്നു. കുഴഞ്ഞു വീണ കുട്ടികളടക്കം 67 പേർ ചികിത്സയിലുണ്ടെന്നും ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.
മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.വിജയ്‌യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം നടന്നത്.
പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നാളെ പുലർച്ചെ കരൂരിൽ എത്തും.