

അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൗമാരക്കാരൻ കുത്തിക്കൊന്നു. 49 വയസ്സുകാരനായ ടാറ്റാജി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിജയവാഡയിലെ ഒരു മദ്യവിൽപനശാലയ്ക്ക് സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്. മദ്യം വാങ്ങാനായി പണം തികയാതെ വന്നപ്പോൾ അവിടെയുണ്ടായിരുന്ന ടാറ്റാജിയോട് പതിനേഴുകാരൻ പത്തു രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകാൻ ടാറ്റാജി വിസമ്മതിക്കുകയും കുട്ടിയോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പതിനേഴുകാരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ടാറ്റാജിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടാറ്റാജി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പതിനേഴുകാരനെ പോലീസ് വേഗത്തിൽ തന്നെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ടാറ്റാജിയും പ്രതിയായ പതിനേഴുകാരനും തമ്മിൽ മുൻപരിചയമൊന്നുമില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വിജയവാഡ പോലീസ് അറിയിച്ചു.