

ന്യൂഡൽഹി: തമിഴ് സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. 'വിസിൽ' ആണ് ടിവികെയുടെ ഔദ്യോഗിക ചിഹ്നം. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടി സ്ഥാനാർത്ഥികൾ വിസിൽ ചിഹ്നത്തിലാകും ജനവിധി തേടുക.
കഴിഞ്ഞ വർഷം നവംബർ 11-നാണ് ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ലഭ്യമായ പട്ടികയിൽ നിന്ന് ഏഴ് ചിഹ്നങ്ങളും സ്വന്തമായി രൂപകൽപ്പന ചെയ്ത മൂന്ന് ചിഹ്നങ്ങളും ഉൾപ്പെടെ പത്തോളം ഓപ്ഷനുകൾ പാർട്ടി നൽകിയിരുന്നു. ഇതിൽ നിന്നാണ് 'വിസിൽ' കമ്മീഷൻ അംഗീകരിച്ചത്.
തമിഴ്‌നാട്ടിൽ വലിയ യുവജന സ്വാധീനമുള്ള വിജയിന്റെ പാർട്ടിക്ക് 'വിസിൽ' ചിഹ്നം ലഭിച്ചത് ആവേശം പകരുന്നതാണ്. ആരാധക കൂട്ടായ്മകളെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ടിവികെ. നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിനും (MNM) തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചിട്ടുണ്ട്. 'ബാറ്ററി ടോർച്ച്' ആണ് എംഎൻഎമ്മിന്റെ ചിഹ്നം.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ, എഐഎഡിഎംകെ മുന്നണികൾക്കെതിരെ വിജയ് ഉയർത്തുന്ന വെല്ലുവിളി ഈ ചിഹ്നലബ്ധിയോടെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.