ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ടി.വി.കെ. (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ് ചെന്നൈയിൽ എത്തിച്ച് കാണാൻ തീരുമാനിച്ചു. കരൂർ സന്ദർശനം ഉടൻ ഉണ്ടാകില്ല. അടുത്ത ആഴ്ച മഹാബലിപുരത്ത് വെച്ച് എല്ലാവരെയും ഒരുമിച്ച് കാണാനാണ് വിജയ്‌യുടെ തീരുമാനം.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് ടി.വി.കെ.യുടെ റാലിയിൽ പങ്കെടുക്കാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.
ഈ ദുരന്തത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ ധനസഹായം അക്കൗണ്ടുകളിൽ കൈമാറിയിരുന്നു.
അതേസമയം , കരൂരിൽ പരിപാടി നടത്താൻ ഓഡിറ്റോറിയം ലഭിക്കാത്തതും മറ്റ് ക്രമീകരണങ്ങളിലെ തടസ്സങ്ങളുമാണ് വിജയ്‌യുടെ സന്ദർശനം വൈകാൻ കാരണം.കരൂരിൽ ടി.വി.കെയ്ക്ക് ഹാൾ ലഭിച്ചിരുന്നെങ്കിലും, രണ്ട് ഓഡിറ്റോറിയം ഉടമകൾ വാക്ക് നൽകിയ ശേഷം പിന്മാറി. എന്നാൽ , ഡി.എം.കെ.യുടെ സമ്മർദ്ദത്തെ തുടർന്നാണ് ഉടമകൾ പിന്മാറിയതെന്ന് ടി.വി.കെ. ആരോപിച്ചു.
നാമക്കലിൽ ഓഡിറ്റോറിയം തയ്യാറാക്കിയിരുന്നെങ്കിലും, വിജയ് കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. എന്നാൽ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് കുടുംബാംഗങ്ങളെ ചെന്നൈയിലേക്ക് എത്തിക്കാനുള്ള പുതിയ തീരുമാനമെടുത്തത്. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്നാണ് സൂചന.
പുതിയ തീരുമാനത്തോട് ടി.വി.കെ.യിൽ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. ചെന്നൈയിൽ വെച്ച് നടത്തുന്ന പരിപാടി പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. അതേസമയം, വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ഉടൻ അപേക്ഷ നൽകും.